Kerala
കൊല്ലം: മുഖ്യമന്ത്രി സ്ഥാനത്തില് ഒരു വിസ്മയം കൂടി കേരളത്തിൽ ഉണ്ടാകുമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമായിരിക്കും അതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
"എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം.'-പ്രേമചന്ദ്രൻ വ്യക്തമാക്കി.
ആർഎസ്പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്ത്തു. നിയമസഭാ പ്രാതിനിധ്യം ഇല്ലാത്തതിൻ്റെ പേരിൽ ആർഎസ്പി നിരന്തരം അവഗണന നേരിട്ടു. എല്ഡിഎഫ് വിട്ട് യുഡിഎഫിൽ ചേക്കേറിയ ശേഷം പരാജയത്തിൻ്റെ മാത്രം കൈപ്പുനീർ കുടിച്ചു.
ഒരു എംപി സ്ഥാനത്തിന് വേണ്ടി ആർഎസ്പിയുടെ അസ്ഥിത്വം തകർത്തെന്ന് സിപിഎമ്മിൽ നിന്ന് ആക്രമണം നേരിട്ടു. വ്യക്തിഗതമായ സ്വാർഥ താൽപര്യത്തിന് വേണ്ടി പാർട്ടിയെ ബലി കൊടുത്തു എന്ന വിമർശനം ഞാൻ കേട്ടു. അതിനെല്ലാമുള്ള മറുപടിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേര്ത്തു.
Kerala
കോട്ടയം: ആര്എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാര്ട്ടി വിട്ടു. ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ചാണ് സജി ഡി ആനന്ദ് പാര്ട്ടി വിട്ടത്.
എന് കെ പ്രേമചന്ദ്രന് എംപിയുടെ മകന് കാര്ത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആര്എസ്പിയില് കലഹം രൂക്ഷമായിരുന്നു. കാര്ത്തിക് പ്രേമചന്ദ്രന് എല്ലാ കമ്മിറ്റിയിലും ഭുരിപക്ഷമുണ്ടെന്നും അത് അംഗീകരിക്കാത്ത ഷിബു ബേബി ജോണ് നേതാവ് അല്ലെന്നുമാണ് സജി ഡി ആനന്ദിന്റെ വിമര്ശനം.
ജയിക്കും എന്നതാണ് പ്രേമചന്ദ്രന്റെ മകന്റെ അയോഗ്യത. പ്രേമചന്ദ്രന്റെ മകന് ജയിച്ചാല് കുഴപ്പമാകുമെന്ന് ചിന്തിക്കുന്നവരാണ് അവര്. കാര്ത്തിക് ജയിച്ച് എങ്ങാന് മന്ത്രിയായാലോ? അധികാരമെല്ലാം ഒരു വീട്ടിലേക്ക് പോകും. ആ വീട്ടിലേക്ക് പാര്ട്ടിയുടെ പിടിയും പോകുമെന്ന ഭയമാണ്.
രണ്ട് തവണ പരാജയപ്പെട്ട ഷിബു ബേബി ജോണ് മാറി നിന്ന് ഈ ചെറുപ്പക്കാരനെ ചവറയില് പരീക്ഷിച്ചാല് ജയിക്കും. നേര്ച്ചക്കോഴിയെ ഇവിടെ കൊണ്ടിറക്കിയിരിക്കുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവര്ത്തിച്ചാലും ആര്എസ്പിക്കാരനായി പ്രവര്ത്തിക്കില്ലെന്നും സജി ഡി ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ഥാനാര്ഥി നിര്ണയ ചര്ച്ചകള്ക്കിടെ ആര്എസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എന്. നൗഷാദും രാജിവച്ചിരുന്നു. ചവറ സ്വദേശിയും ആര്വൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ മണ്ഡലത്തില് സ്ഥാനാര്ഥിയായി ഇറക്കാനുള്ള നീക്കമാണ് ആര്എസ്പിയില് കടുത്ത പോരിന് ഇടയാക്കിയത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലേക്ക് കോൺഗ്രസ് കടക്കുന്നു. മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഇന്ന് ആരംഭിക്കുന്ന രാപകൽ സമരത്തിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കളെല്ലാം തലസ്ഥാനത്തുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ പ്രധാനനേതാക്കളുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 16 ന് നേതാക്കൾ ഡൽഹിയിലേക്ക് പോകും. ഈ മാസം 19ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.